വോട്ട് രേഖപ്പെടുത്തിയാല്‍ പേപ്പര്‍ രസീത് നല്‍കണമെന്ന് സുപ്രീം കോടതി !

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് പരിഷ്‌കരണവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയില്‍ നിന്ന് മറ്റൊരു നിര്‍ണായക വിധി കൂടി. തെരഞ്ഞെടുപ്പുകളില്‍ വോട്ട് രേഖപ്പെടുത്തിയാല്‍ സമ്മതിദായകന് പേപ്പര്‍ രസീത് നല്‍കണമെന്നാണ് കോടതി തെരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദേശം നല്‍കിയത്.

ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനില്‍ വോട്ട് രേഖപ്പെടുത്തിയാല്‍ പേപ്പര്‍ രസീത് നല്‍കണം. ഉദ്ദേശിച്ച ആള്‍ക്ക് തന്നെയാണോ വോട്ട് രേഖപ്പെടുത്തിയത് എന്ന് വ്യക്തിക്ക് മനസ്സിലാക്കാന്‍ കഴിയും. ഈ രസീത് ബൂത്തില്‍ സ്ഥാപിച്ചിരിക്കുന്ന പെട്ടിയില്‍ നിക്ഷേപിക്കണം. വോട്ടെണ്ണല്‍ സമയത്ത് ഏതെങ്കിലും തരത്തിലുള്ള തര്‍ക്കമുണ്ടായാല്‍ ഈ രസീത് എണ്ണിത്തിട്ടപ്പെടുത്തി ഫലം പ്രഖ്യാപിക്കാമെന്നും കോടതി നിര്‍ദേശിച്ചു. ഈ സംവിധാനം അടുത്ത ലോക്‌സഭ തെരഞ്ഞെടുപ്പ് മുതല്‍ ഘട്ടംഘട്ടമായി നടപ്പില്‍ വരുത്താമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ നിര്‍ദേശത്തില്‍ പറയുന്നു.

പുതിയ സംവിധാനം ഏര്‍പ്പെടുത്തുന്നത് ബാധ്യതയുണ്ടാക്കുമെന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്റെ മറുപടി. 10 ലക്ഷം വോട്ടിംഗ് മെഷീനുകള്‍ വേണ്ടിവരും. 1500 കോടി രൂപ ഇതിനായി ചെലവിടേണ്ടിവരുമെന്നും കമ്മീഷന്‍ വ്യക്തമാക്കി. എന്നാല്‍ നാഗാലാന്റില്‍ പരീക്ഷിച്ച് വിജയിച്ച സംവിധാനമാണിതെന്നും. മറ്റു സംസ്ഥാനങ്ങളിലും നടപ്പാക്കുന്നതില്‍ തെറ്റില്ലന്നും കോടതി അഭിപ്രായപ്പെട്ടു. നീതിയുക്തമായ തെരഞ്ഞെടുപ്പ് സംവിധാനമാണ് രാജ്യത്തുവേണ്ടതെന്നും കോടതി നിരീക്ഷിച്ചു.

തെരഞ്ഞെടുപ്പില്‍ നിഷേധ വോട്ട് ഏര്‍പ്പെടുത്തിയതും ശിക്ഷിക്കപ്പെട്ട ജനപ്രതിനിധികളെ അയോഗ്യരാക്കുന്നതുമാണ് അടുത്തകാലത്ത് സുപ്രീം കോടതി പുറപ്പെടുവിച്ചിരുന്ന ശ്രദ്ധേയമായ വിധികൾ.

Comments

comments