ഡല്‍ഹി കൂട്ടബലാത്സംഗം: നാല് പ്രതികള്‍ക്കും തൂക്കുകയര്‍

ന്യൂഡല്‍ഹി: രാജ്യം ആകാംഷയോടെ കാത്തിരുന്ന ഡല്‍ഹി കൂട്ടമാനഭംഗക്കേസില്‍ നാലു പ്രതികള്‍ക്കും വധശിക്ഷ വിധിച്ച് സാകേതിലെ പ്രത്യേക കോടതി ഉത്തരവായി. വിനയ് ശര്‍മ്മ, അക്ഷയ് താക്കൂര്‍, പവന്‍ ഗുപ്ത, മുകേഷ് സിംഗ് എന്നീ പ്രതികള്‍ക്കാണ് വധശിക്ഷ വിധിച്ചത്. ഐപിസി 302 വകുപ്പ് പ്രകാരം കൊലപാതകക്കേസില്‍ വധശിക്ഷ വിധിക്കുകയാണെന്ന് ജഡ്ജി വ്യക്തമാക്കി. മറ്റു കുറ്റങ്ങള്‍ക്ക് ജീവപര്യന്തം തടവിനും ശിക്ഷിച്ചിട്ടുണ്ട്.

സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചുവരുന്നു. ഇതിനെ കോടതി ഗൗരവത്തോടെ കാണുന്നുവെന്ന് ജഡ്ജി യോഗേഷ് ഖന്ന വ്യക്തമാക്കി. മനുഷ്യത്വ രഹിതമായ ക്രൂരതയാണ് പ്രതികള്‍ നടത്തിയത്. അപൂര്‍വ്വങ്ങളില്‍ അത്യപൂര്‍വ്വമായ കുറ്റകൃത്യമാണിത്. ഈ കുറ്റകൃത്യത്തിന്റെ ഗൗരവം കൂടി കണക്കിലെടുത്താണ് എല്ലാ പ്രതികള്‍ക്കും വധശിക്ഷ നല്‍കുന്നത്.

നാടകീയ രംഗങ്ങള്‍ക്കായിരുന്നു ഡല്‍ഹിയിലെ സാകേത് കോടതി സാക്ഷ്യം വഹിച്ചത്. രാജ്യത്തെ നടുക്കിയ മൃഗീയ ബലാത്സംഗ കേസിന്റെ വിധി കേള്‍ക്കാനെത്തിയവര്‍ക്ക് മുന്നില്‍ കേസിലെ പ്രതികളായ മുകേഷ് സിംഗ്, വിനയ് ശര്‍മ്മ, പവന്‍ ഗുപ്ത, അക്ഷയ് ശര്‍മ എന്നിവര്‍ നിന്നു. മുകേഷ് സിംഗ് പുഞ്ചിരിയോടെയാണ് കോടതിയില്‍ നിന്നത്. എന്തോ പ്രതീക്ഷയുണ്ടെന്ന ഭാവം. അതേ സമയം വിനയ് ശര്‍മ്മ ആശങ്കാകുലനായിരുന്നു. വിധി കേട്ടതോടെ പത്തൊൻപതുകാരനായ പവന്‍ ഗുപ്ത നിലത്ത് കുത്തിയിരുന്നു കരഞ്ഞു. വിധികേട്ട് അഭിഭാഷകര്‍ കോടതിമുറിയില്‍ കരഘോഷം മുഴക്കി.

കോടതി വിധിയില്‍ സന്തോഷമുണ്ടെന്നും എല്ലാവരോടും നന്ദിയുണ്ടെന്നും പെണ്‍കുട്ടിയുടെ അമ്മയും സഹോദരനും പ്രതികരിച്ചു. എന്നാല്‍ നീതിപൂര്‍വ്വമായ വിചാരണയല്ല നടന്നതെന്ന് പ്രതിഭാഗം അഭിഭാഷകന്‍ പറഞ്ഞു. വിധിയെ മാനിക്കുന്നു. ജനകീയ വികാരവും കോടതിക്കു പുറത്തുനടന്ന ചര്‍ച്ചകളും വിധിയെ സ്വാധീനിച്ചു. സമാനമായ കുറ്റകൃത്യം നാട്ടില്‍ ആവര്‍ത്തിച്ചാല്‍ അപ്പീല്‍ സമര്‍പ്പിക്കും. വിധിക്കെതിരെ അപ്പീല്‍ നല്‍കുന്നത് പരിഗണിക്കുമെന്നും അഭിഭാഷകന്‍ അറിയിച്ചു.

പ്രതികള്‍ക്കെതിരെ പ്രോസിക്യൂഷന്‍ ചുമത്തിയ 13 കുറ്റങ്ങളും നിലനില്‍ക്കുന്നതാണെന്നും കോടതി സെപ്തംബര്‍ 10ന് കണ്ടെത്തിയിരുന്നു. 240 പേജുള്ള വിധിയാണ് സാകേത് കോടതി പുറപ്പെടുവിച്ചത്. ശിക്ഷാവിധി പ്രഖ്യാപിക്കുന്നത് 11ലേക്ക് മാറ്റിയെങ്കിലും പ്രതികള്‍ക്ക് വധശിക്ഷ നല്‍കുന്നതിനെ അനുകൂലിച്ചും എതിര്‍ത്തും നിര്‍ണായകമായ വാദങ്ങള്‍ ഉയര്‍ന്നതോടെ ശിക്ഷാ പ്രഖ്യാപനം വെള്ളിയാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. നാലു പ്രതികള്‍ക്കും തൂക്കുകയര്‍ തന്നെ നല്‍കണമെന്നു പ്രോസിക്യൂഷന്‍ അഭ്യര്‍ത്ഥിച്ചു. താരതമ്യേന ചെറിയ ശിക്ഷ നല്‍കിയാല്‍ നീതിന്യായ വ്യവസ്ഥയില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം നഷ്ടമാകുന്നതിന് ഇടയാക്കുമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. ജീവപര്യന്തംവരെ നല്‍കിയാലും വധശിക്ഷ നല്‍കരുതെന്നായിരുന്നു പ്രതികളുടെ വാദം. 19 വയസുകാരനായ പ്രതി പവന്‍ ഗുപ്തയുടെ പ്രായം പരിഗണിക്കണമെന്നും തിരുത്താന്‍ ഒരവസരം കൂടി നല്‍കണമെന്നും ബട്‌ല ഹൗസ് ആക്രമണ കേസിലെ പ്രതികള്‍ക്കു പോലും ജീവപര്യന്തമാണു വിധിച്ചതെന്നും പ്രതികളുടെ അഭിഭാഷകര്‍ വാദിച്ചു. വധശിക്ഷ മൗലികാവകാശങ്ങള്‍ക്കു മേലേയുള്ള കടന്നുകയറ്റമാണെന്നും പ്രതിഭാഗം ബോധിപ്പിച്ചു.

2012 ഡിസംബര്‍ 16നാണ് പാരാമെഡിക്കല്‍ വിദ്യാര്‍ഥിനിയായ 23 വയസുകാരി ഓടിക്കൊണ്ടിരുന്ന ബസിനുള്ളില്‍ ക്രൂരപീഡനത്തിന് ഇരയായത്. സുഹൃത്തിനൊപ്പം സിനിമ കണ്ടശേഷം രാത്രി മടങ്ങവേയാണ് പെണ്‍കുട്ടി കൂട്ടമാനഭംഗത്തിനിരയാവുന്നത്. സുഹൃത്തിനെ മര്‍ദ്ദിച്ച് അവശനാക്കിയ ശേഷമായിരുന്നു പീഡനം. പ്രതികള്‍ പലതവണ പീഡിപ്പിച്ച ശേഷം ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് പെണ്‍കുട്ടിയുടെ ആന്തരിക അവയവങ്ങള്‍ തകര്‍ക്കുകയും ഇരുവരെയും ബസിനുള്ളില്‍ നിന്ന് പുറത്തേക്ക് വലിച്ചെറിയുകയുമായിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട പെണ്‍കുട്ടി ജീവനുവേണ്ടിയുള്ള പോരാട്ടത്തിനിടയിലും പീഡനത്തിന്റെ കാഠിന്യം ആംഗ്യഭാഷയില്‍ വിവരിച്ചു. ഡല്‍ഹി സഫ്ദര്‍ജംഗ് ആശുപത്രിയിലും പിന്നീട് സിംഗപ്പൂര്‍ ആശുപത്രിയിലും പെണ്‍കുട്ടിക്ക് വിദഗ്ധ ചികിത്സ നല്‍കിയെങ്കിലും ഡിസംബര്‍ 29ന് പെണ്‍കുട്ടി മരണമടഞ്ഞു.

ആശുപത്രിയില്‍ വച്ച് പെണ്‍കുട്ടി മജിസ്‌ട്രേറ്റിന് നല്‍കിയ മൊഴിയും ദൃക്‌സാക്ഷിയായ സുഹൃത്തിന്റെ മൊഴിയും കേസില്‍ നിര്‍ണായകമായി. പെണ്‍കുട്ടിയെ ചികിത്സിച്ച ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 84 പേര്‍ പ്രോസിക്യൂഷന്‍ സാക്ഷികള്‍ നിലപാടില്‍ ഉറച്ചുനിന്നതും കേസിന് ബലം നല്‍കി.

ഏഴു മാസം നീണ്ട സിറ്റിംഗിനൊടുവിലാണ് പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി കഴിഞ്ഞ ദിവസം വിധിച്ചത്. തുടര്‍ച്ചയായ 130 ദിവസത്തെ വിചാരണയാണ് കേസില്‍ നടന്നിരിക്കുന്നത്. പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യുഷന്റെ വാദം. ആറു പ്രതികളാണ് കേസിലുണ്ടായിരുന്നത്. മുഖ്യപ്രതി രാം സിംഗ് കഴിഞ്ഞ മാര്‍ച്ച് 11ന് തിഹാര്‍ ജയിലില്‍ ആത്മഹത്യ ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത പ്രതിക്ക് ജുവനൈല്‍ കോടതി കഴിഞ്ഞയാഴ്ച മൂന്നു വര്‍ഷത്തെ ഏകാന്ത തടവിനും വിധിച്ചിരുന്നു. വിനയ് ശര്‍മ്മ, അക്ഷയ് താക്കൂര്‍, പവന്‍ ഗുപ്ത, മുകേഷ് സിംഗ് എന്നിവരെയാണ് ഇന്ന് കോടതി കുറ്റക്കാരായി പ്രഖ്യാപിച്ചത്.

പ്രതികളില്‍ മൂന്നു പേര്‍ കുറ്റം നിഷേധിച്ചുവെങ്കിലും നാലാമന്റെ മൊഴി ഇവരുടെ പങ്കും വ്യക്തമാക്കിയിരുന്നു. 84 സാക്ഷികളെയും പ്രോസിക്യൂഷന്‍ ഹാജരാക്കി. ആദ്യഘട്ടത്തില്‍ പ്രതികള്‍ക്കു വേണ്ടി ഹാജരാകാന്‍ പോലും അഭിഭാഷകര്‍ തയ്യാറായിരുന്നില്ല. എന്നാല്‍ കോടതി ഇടപെട്ടാണ് അഭിഭാഷകന്റെ സഹായം ലഭ്യമാക്കിയത്. ഫെബ്രുവരി രണ്ടിന് വിചാരണ ആരംഭിച്ചു. കൂട്ടമാനഭംഗം, കൊലപാതകം, തട്ടിക്കൊണ്ടുപോകൽ, പ്രകൃതിവിരുദ്ധ പീഡനം, കൊലപാതക ശ്രമം, തെളിവ് നശിപ്പിക്കല്‍ , മോഷണം, കവര്‍ച്ച തുടങ്ങി 13 കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

ഡല്‍ഹി പീഡനത്തെ തുടര്‍ന്ന് രാജ്യം ഇതുവരെ കണ്ടിട്ടില്ലാത്ത ജനകീയ പ്രക്ഷോഭത്തിനും ഡല്‍ഹി സാക്ഷ്യം വഹിച്ചു. ആരും നേതൃത്വം നല്‍കാനില്ലെങ്കിലും സോഷ്യല്‍ മീഡിയ വഴിയുള്ള പ്രചാരണം ഏറ്റെടുത്ത് ആയിരക്കണക്കിന് യുവതി യുവാക്കള്‍ ഡല്‍ഹിയിലെ തെരുവുകള്‍ കയ്യടക്കി. സമാധാനപരമായി ദിവസങ്ങളോളം നടന്ന പ്രക്ഷോഭത്തെ നേരിടാന്‍ ഡല്‍ഹി പോലീസിന്റെ ലാത്തിച്ചാര്‍ജും ജലപീരങ്കിയും കണ്ണീര്‍വാതകവും മതിയാകാതെ വന്നു. പ്രക്ഷോഭകര്‍ക്ക് രാഷ്ട്പതി ഭവനും ഉപരോധിച്ചതോടെ ലോകശ്രദ്ധ ഇന്ത്യയിലേക്ക് തിരിഞ്ഞു. ഒരു തുള്ളി ചോര പൊടിയാതെ നടന്ന പ്രക്ഷോഭം അധികാര കേന്ദ്രങ്ങളുടെ കണ്ണു തുറപ്പിച്ചു. സ്ത്രീകളുടെ സുരക്ഷയ്ക്ക് നിയമം കൊണ്ടുവരാനും സര്‍ക്കാരിനെ നിര്‍ബന്ധിതമാക്കി.

സാകേത് കോടതി പരിസരം രാവിലെ മുതല്‍ തന്നെ ജനനിബിഡമായിരുന്നു. വിധികേള്‍ക്കാന്‍ എത്തിയവര്‍ പ്രതിഷേധത്തില്‍ പങ്കെടുത്തവര്‍ അങ്ങനെ ജനങ്ങള്‍ അണിനിരന്നു. വിധികേട്ട് എല്ലാവരും ആഹ്ലാദത്തോടെ പ്രതികരിച്ചു, ‘ഇവര്‍ തൂക്കുകയര്‍ അര്‍ഹിക്കുന്നു’. സ്തീകള്‍ക്കെതിരേയുള്ള കുറ്റകൃത്യങ്ങളെ ഗൌരവത്തോടെ കാണണമെന്ന് വിധി പ്രസ്താവിച്ചുകൊണ്ട് കോടതി പറഞ്ഞു.

Comments

comments