ഇന്റർനെറ്റ്‌ ഉള്ളടക്കത്തിൽ സർക്കാരിനിടപെടാം: സുപ്രീം കോടതി.

ന്യൂ  ഡൽഹി : ഇന്റര്‍നെറ്റിലെ ഉള്ളടക്കത്തില്‍ സര്‍ക്കാരിന് ഇടപെടാന്‍ അധികാരമുണ്ടെന്ന നിർണായക വിധി ഇന്ത്യൻ സുപ്രീംകോടതി പുറപ്പെടുവിച്ചു . ഐ.ടി നിയമങ്ങള്‍ ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജിയിലാണ് കോടതിവിധി. ആര്‍ക്കെങ്കിലും പരാതിയുണ്ടെങ്കില്‍ ഇന്റര്‍നെറ്റ് വെബ്‌സൈറ്റുകളിലെ അപകീര്‍ത്തിപരമായ ഉള്ളടക്കം 36 മണിക്കൂറിനുള്ളില്‍നീക്കം ചെയ്യണമെന്ന നിയമമാണ് ഹര്‍ജിയില്‍ ചോദ്യം ചെയ്തത്.

ഈ നിയമം അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരെയുള്ള കടന്നുകയറ്റമല്ലന്നും  വെബ്‌സൈറ്റുകളിലൂടെ പ്രചരിക്കുന്ന ആശയങ്ങളും സന്ദേശങ്ങളും ഇന്ന് സമൂഹത്തില്‍ ചലനം സൃഷ്ടിക്കാന്‍ പര്യാപ്തമായതിനാൽ ജനവിരുദ്ധമായ സന്ദേശങ്ങളെ നിയന്ത്രിക്കാനും തടയാനും സര്‍ക്കാരിന് അധികാരവും കടമയുമുണ്ട് എന്നും കോടതി  നിരീക്ഷിച്ചു.

കഴിഞ്ഞവര്‍ഷം ആഗസ്തില്‍ മ്യാന്‍മറിലും വടക്കുകിഴക്കന്‍ ഇന്ത്യന്‍ സംസ്ഥാനങ്ങളിലും സംഘര്‍ഷമുണ്ടായെന്ന വാര്‍ത്ത പ്രചരിച്ചപ്പോള്‍ ബാംഗ്ലൂരില്‍ നിന്ന് നൂറുകണക്കിന് ആള്‍ക്കാര്‍ പലായനം ചെയ്ത കാര്യവും ചൂണ്ടിക്കാണിച്ച കോടതി  ഇത്തരം വ്യാജ വാര്‍ത്തകള്‍ തടയാന്‍ നിയമം കൊണ്ടുവരുന്നതില്‍ എന്താണ് തെറ്റെന്നു  ചോദിച്ചു.

ഇന്ത്യയെപ്പോലെയുള്ള ഒരു വലിയ രാജ്യത്തിന്റെ ഏതെങ്കിലും മൂലയിലിരുന്ന് പടച്ചുവിടുന്ന ആശയങ്ങള്‍ ഒരു വലിയ സംഘര്‍ഷത്തിന് വഴിതെളിക്കുമെങ്കില്‍ അവ തടയുക അത്യാവശ്യമാണെന്നു കോടതി വ്യക്തമാക്കി

Comments

comments